ടെൽ അവീവ്: ഇസ്രായേലിൽ ഹോളി ആഘോഷിച്ച് ഇന്ത്യൻ സമൂഹം. ജൂതസമൂഹത്തിന്റെ ഉത്സവമായ പുരിമിനൊപ്പമായിരുന്നു ആഘോഷം. നിറങ്ങൾ കൊണ്ട് ഉത്സവം തീർത്തായിരുന്നു ഹോളി ആഘോഷം.
നിറങ്ങൾ വാരിപ്പൂശുന്ന വേറിട്ട ആഘോഷം ഇസ്രായേൽ സമൂഹത്തിന് കൗതുകവും പകർന്നു. ജഫയിലെ ഫ്ളിയ മാർക്കറ്റിലായിരുന്നു ആഘോഷങ്ങൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ഇസ്രയേലിലെ ഇന്ത്യൻ എംബസി പങ്കുവെയ്‌ക്കുകയും ചെയ്തു.
ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ സമൂഹം ചുവടു വയ്‌ക്കുന്നതും ചിത്രങ്ങളിൽ കാണാം. സാംസ്‌കാരിക പരിപാടിയടെ ഭാഗമായിട്ടാണ് ഇന്ത്യൻ ഗാനങ്ങൾക്കൊപ്പമുളള നൃത്തവും ഒരുക്കിയത്. പ്രത്യേക വേഷങ്ങൾ അണിഞ്ഞാണ് വനിതകൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
ഗാസയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഹോളി ആഘോഷിക്കാനാകില്ലെന്ന നിരാശ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നതിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗാസയിലെ ഇരുണ്ട ടണലുകളിൽ ഇസ്രായേലിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുളളവർ ഇപ്പോഴും തടവിൽ കഴിയുകയാണെന്നും നൂർ ഗിലോൺ ചൂണ്ടിക്കാട്ടിയിരുന്നു.