കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സംവിധായകന്‍ വിനയൻ. സിനിമാ തമ്പുരാക്കന്മാരെല്ലാം ഒത്തുചേർന്ന് മാക്ട ഫെഡറേഷൻ തകർത്ത് സ്വന്തം ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയതു മുതലാണ് തെമ്മാടിത്തങ്ങളുടെയും ആധുനിക സിനിമാ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയെ മലീമസമാക്കാൻ തുടങ്ങിയതെന്ന് വിനയന്‍ കുറ്റപ്പെടുത്തി. സിനിമാ താരങ്ങളെ വിമർശിക്കുകയും മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തതിന്റെ പേരിൽ തന്നെ പന്ത്രണ്ടു വർഷത്തോളം വിലക്കി നശിപ്പിച്ചവരാണ് ഇപ്പോള്‍ സമൂഹത്തിനു മുന്നില്‍ ഉടുതുണിയില്ലാതെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെണ് വിനയന്റെ പ്രതികരണം. We Hate Vinayan എന്ന ഓൺലൈൻ അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണിയില്ലാതെ നിൽക്കുന്നത്. ഇതു കാലത്തിന്റെ കാവ്യനീതിയാണ്. 2008 ഡിസംബറിൽ എറണാകുളം സരോവരം ഹോട്ടലിൽ സിനിമാ തമ്പുരാക്കന്മാർ എല്ലാം ഒത്തുചേർന്ന് തകർത്തെറിഞ്ഞ ‘മാക്ട ഫെഡറേഷൻ’ എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി. നടൻ തിലകൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും വിലക്കി പുറത്താക്കിയന്നും വിനയൻ പറഞ്ഞു.