വിമാനയാത്രക്കിടെ സമയം ചെലവഴിക്കാൻ സീറ്റിന് മുൻപിലുള്ള സ്ക്രീനിൽ വീഡിയോ കാണാനുള്ള സൗകര്യം എയർലൈനുകൾ നൽകുന്നുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ള സിനിമ, സീരിയൽ എന്നിവ തിരഞ്ഞെടുത്ത് കാണാൻ ഇതുവഴി സാധിക്കും. ബജറ്റ് എയർലൈനുകൾ ഒഴികെ ഒട്ടുമിക്ക എയർക്രാഫ്റ്റുകളിലും ഈ സംവിധാനം ലഭ്യമാണ്. എന്നാൽ ടോക്കിയോയിലേക്ക് പോയ ഫ്ലൈറ്റിൽ സാങ്കേതിക തകരാറിനെ തുടർന്ന് എല്ലാ സ്ക്രീനുകളിലും ഒരേസമയം ഇറോട്ടിക് സിനിമ പ്ലേ ചെയ്ത സംഭവമാണ് സോഷ്യൽമീഡിയയിൽ ചിരി പടർത്തുന്നത്.
സിഡ്നിയിൽ നിന്ന് പുറപ്പെട്ട ക്വാണ്ടാസ് (Qantas) ഫ്ലൈറ്റിലായിരുന്നു രസകരമായ സംഭവം നടന്നത്. വിമാനം പറന്നുയർന്നതിന് പിന്നാലെ ഫ്ലൈറ്റിലെ എന്റർടെയ്ൻമെന്റ് സിസ്റ്റം തകരാറിലാവുകയായിരുന്നു. യാത്രക്കാർക്ക് ഇഷ്ടമുള്ള സിനിമ തിരഞ്ഞെടുക്കാൻ സാധിക്കാത്ത അവസ്ഥയായി. തൊട്ടുപിന്നാലെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോ R-rated ചിത്രം (Daddio). നഗ്നതയും ലൈംഗികാതിപ്രസരവും അടങ്ങിയ സിനിമ സ്ക്രീനിൽ പ്ലേ ചെയ്യാനാരംഭിച്ചു. നിരവധി കുടുംബങ്ങൾ യാത്ര ചെയ്ത ഫ്ലൈറ്റിലായിരുന്നു സംഭവം. സിനിമ പ്ലേ ചെയ്യുന്നത് നിർത്താനോ pause ചെയ്യാനോ സാധിക്കാതെ യാത്രക്കാർ കുഴഞ്ഞു. എല്ലാവരും അസ്വസ്ഥരാകാൻ തുടങ്ങി. അച്ഛനമ്മമാർ കുട്ടികളുടെ കണ്ണുപൊത്തി അഡ്ജസ്റ്റ് ചെയ്തു.
അക്കിടി പറ്റിയതറിഞ്ഞ് സിനിമ മാറ്റാനുള്ള പെടാപാടിലായിരുന്നു ഫ്ലൈറ്റ് ജീവനക്കാർ. അശ്ലീല ചിത്രം ഒരു മണിക്കൂർ പിന്നിട്ടതിനൊടുവിൽ തകരാർ പരിഹരിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. യാത്രക്കാരോട് മാപ്പ് പറഞ്ഞ് അവർ മറ്റൊരു സിനിമ പ്ലേ ചെയ്തു. ഓസ്ട്രേലിയയിലെ പ്രമുഖ എയർലൈൻ കമ്പനിയാണ് ക്വാണ്ടാസ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനാണിതെന്ന് പറയപ്പെടുന്നു.