തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള പോര് നിലനിൽക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിക്ക്. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നൽകേണ്ട റിപ്പോർട്ട് തയാറായി വരുന്നു എന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്.
വരുംദിവസങ്ങൾ രാജ്ഭവനിൽനിന്ന് ഇ-മെയിൽ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മുഖ്യമന്ത്രി ഒരു ദിനപത്രത്തോട് പറഞ്ഞിട്ടും അത് തന്നെ അറിയിച്ചില്ല എന്നാണ് ഗവർണറുടെ കുറ്റപ്പെടുത്തൽ.
താൻ പറയാത്ത കാര്യങ്ങളാണ് പത്രത്തിൽ വന്നതെന്ന്, മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഗവർണർ അത് അംഗീകരിക്കാൻ തയാറായിട്ടില്ല. പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു വന്നുവെങ്കിൽ എന്ത് നിയമനടപടി സ്വീകരിച്ചു എന്ന ചോദ്യമാണ് ഗവർണർ മുന്നോട്ടുവയ്ക്കുന്നത്.