പാലക്കാട് : എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍. എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, മുന്നണിയിലെ പ്രധാന നേതാക്കൾ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. കൺവെൻഷനോടെ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കും. പ്രാദേശിക കൺവെൻഷനുകളും കുടുംബയോഗങ്ങളുമാണ് തുടർന്ന് പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്.
അതിനിടെ, സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്താൻ എന്‍ഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് പാലക്കാട് ചേരും. രാവിലെ പതിനൊന്നിന് ചേരുന്ന യോഗത്തിൽ എന്‍ഡിഎയുടെ മുഴുവൻ നേതാക്കളും പങ്കെടുക്കും. പാലക്കാട്ടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രചരണത്തിനാണ് നേതൃത്വം മുൻഗണന നൽകുക. പ്രചരണത്തിൽ വാശിയോടെ മുന്നേറിയാൽ പാലക്കാട്ട് രണ്ടിൽ നിന്നും ഒന്നിലേക്ക് ഉയരാമെന്നും ചേലക്കര, വയനാട് മണ്ഡലങ്ങളിൽ വോട്ട് വിഹിതം കൂട്ടാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. പ്രചാരണ രംഗത്ത് ബി.ഡി.ജെ.എസിന് കാര്യമായ പങ്കാളിത്തം നൽകുന്നില്ലെന്ന വിമർശനം പരിഹരിക്കാനുള്ള ഇടപെടലുകളുമുണ്ടാവും.