ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ഇത്തവണ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു. എസ്ഡിപിഐയുമായി ധാരണ ഇല്ലെന്നു പറഞ്ഞ കോൺഗ്രസ് നേതൃത്വം പിന്തുണ സ്വീകരിക്കുമോയെന്ന് കൃത്യമായ മറുപടി നൽകിയില്ല.
തിരഞ്ഞെടുപ്പുകളിൽ സ്വന്തം നിലപാടുകളും സ്ഥാനാർഥികളുമായി രംഗത്തിറങ്ങിയിരുന്ന എസ്ഡിപിഐ ഇത്തവണ യു.ഡി.എഫിന് പരസ്യപിന്തുണയാണ് പ്രഖ്യാപിച്ചത്. ബി.ജെ.പി വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് നടപടിയെന്നും കോൺഗ്രസുമായി ധാരണ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി കൊച്ചിയിൽ പറഞ്ഞു.
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ പ്രതികരണം. വർഗീയ പാർട്ടി, അല്ലാത്ത പാർട്ടി എന്ന് ആരെക്കുറിച്ചും അഭിപ്രായമില്ല. എല്ലാവരുടെയും വോട്ടിന് തുല്യ മൂല്യമെന്നും എം.എം.ഹസൻ പറഞ്ഞു.
എസ്ഡിപിഐ യുമായി ധാരണയില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.