മസ്കത്ത് : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ കാവൽ പിതാവായ പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളും ഇടവകദിനാചരണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്താ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി ഫാ.ജോസ് ചെമ്മൺ, അസ്സോസിയേറ്റ് വികാരി ഫാ.ലിജു തോമസ്, സഭാ വൈദീക സംഘം സെക്രട്ടറി ഫാ.ഡോ.നൈനാൻ വി. ജോർജ്, ഗാല സെന്റ്. മേരിസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ബിജോയ് അലക്സാണ്ടർ എന്നിവർ സഹകാർമികത്വം വഹിച്ചു. പെരുന്നാൾ ആചരണത്തിന്റെ ആദ്യദിനത്തിൽ സന്ധ്യാ നമസ്കാരം, അനുസ്മരണ പ്രഭാഷണം, പ്രദിക്ഷണം, ശ്ലൈഹിക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവ നടത്തപ്പെട്ടു. പെരുന്നാൾ ആചരണത്തിന്റെ ഭാഗമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.ഡോ.നൈനാൻ വി. ജോർജ് നേതൃത്വം നൽകി. ഈ വർഷം ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച ക്രൈസ്തവ കലാരൂപമായ മാർഗം കളി വ്യത്യസ്ത അനുഭവമായി.
രണ്ടാം ദിനത്തിൽ റുവി സെന്റ്. തോമസ് ചർച്ചിൽ പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും മധ്യസ്ഥ പ്രാർഥനയും, തുടർന്ന് ഇടവക ദിനാചരണവും നടന്നു. ഇടവക ദിനാചരണത്തിന്റെ ഭാഗമായി ആദ്യഫല ലേലം, ആത്മീയ സംഘടനകളുടേയും ഏരിയാ പ്രെയർ ഗ്രൂപ്പ് അംഗങ്ങളുടേയും ഗാനാലപനവും വിവിധ കലാ പരിപാടികളും നടത്തപ്പെട്ടു.