തിരുവനന്തപുരം : മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.