അരുണാചൽ പ്രദേശിലെത്തി ജീവനൊടുക്കിയ ദമ്പതികളുടെയും യുവതിയുടെയും ദുരൂഹമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നവീനാണ് ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും വിചിത്രവഴികളിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പരലോകവും അവിടെ ജീവിക്കുന്നവരുമുണ്ടെന്ന് ഇരുവരെയും വിശ്വസിപ്പിച്ചുവെന്നും മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞുവെന്നും കണ്ടെത്തി. ആര്യയുടെ വിവാഹം തീരുമാനിച്ചതോടെയാണ് മൂവരും മരിക്കാന്‍ തീരുമാനിച്ചത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്‍റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്നും കണ്ടെത്തി. യൂട്യൂബില്‍ തിരഞ്ഞാണ് മരിക്കുന്ന രീതി ഇവര്‍ കണ്ടു പിടിച്ചതെന്നും വ്യക്തമായി.
അതേസമയം, കേസിന്‍റെ വിശദമായ അന്വേഷണങ്ങള്‍ക്കായി പൊലീസ് ഇന്ന് ഇറ്റാനഗറില്‍ എത്തും. നവീന്‍റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പം തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമാവും മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങുക. മൂന്നുപേരും ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സ്ത്രീകളെ കൊന്ന ശേഷം നവീൻ ജീവനൊടുക്കിയതാണോ എന്ന് സംശയിക്കുന്നുണ്ട്.