മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അൻവറിനോടൊപ്പം അറസ്റ്റിലായ മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു.
ഇന്നലെ രാത്രി വീട്ടിലെത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയും പി.ശശിയുമാണ് അറസ്റ്റിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു വനംവകുപ്പ് ഓഫീസിലേക്കുള്ള പ്രതിഷേധം. രാത്രി എട്ടരയൊടെയാണ് നിലന്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 50ലധികം വരുന്ന പൊലീസ് സംഘം അൻവറിന്‍റെ ഒതായിയിലെ പുത്തൻവീട്ടിലെത്തുന്നത്. മണിക്കൂറോളം സംഘം അൻവറിന്‍റെ വീട്ടിൽ ചെലവഴിച്ചു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെതിരെ കേസെടുത്തത്. സ്പീക്കറുടെ അനുമതിക്ക് പിന്നാലെ അറസ്റ്റ്. ഭരണകൂട ഭീകരതയെന്നായിരുന്നു പി.വി അന്‍വറിന്‍റെ ആദ്യപ്രതികരണം.