കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്തം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. സിറ്റിംഗ് എംപിയായ രാഹുൽ ഗാന്ധിക്ക് ശക്തരായ എതിരാളികളെയാണ് ഇരു മുന്നണികളും അണിനിരത്തിയിരിക്കുന്നത്. സിപിഐ നേതാവ് ആനി രാജയെ എൽഡിഎഫ് മത്സര രംഗത്തിറക്കിയപ്പോൾ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ‘ഗണപതി വട്ടം’ എന്നാക്കുമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന ചർച്ചയാവുകയും ചെയ്തു. എന്നാൽ, മണ്ഡലത്തിൽ രാഹുലിനും യുഡിഎഫിനും വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ്സർവേയിൽ നിന്ന് വ്യക്തമാവുന്നത്.
രാജ്യഭരണം ഇന്ത്യാ മുന്നണി തിരിച്ചുപിടിക്കുമെന്ന് സർവേയിൽ വയനാട്ടിലെ വോട്ടർമാർ അഭിപ്രായപ്പെട്ടു. 48.7 ശതമാനം പേർ ഈ അഭിപ്രായക്കാരാണ്. എൻഡിഎ ഭരണം തുടരുമെന്ന് 35.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മറ്റാരെങ്കിലും ഭരണത്തിലേറുമെന്ന് 1.6 ശതമാനം പേർ പറഞ്ഞു. 28.8 ശതമാനം പേർക്ക് ഇതിൽ അഭിപ്രായമില്ല.
പൗരത്വ നിയമ ഭേദഗതി വോട്ടിനെ സ്വാധിനിക്കുമെന്നും വോട്ടർമാർ അഭിപ്രായം രേഖപ്പെടുത്തി. 66.2 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ബാക്കി 33.8 ശതമാനം പേർക്ക് എതിരഭിപ്രായമാണ്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ടോ എന്നറിയില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. 36.8 ശതമാനം പേർക്ക് ഈ അഭിപ്രായമാണ്. 34.3 പേർ ഈ ചോദ്യത്തിന് അതെ എന്നും 28.9 ശതമാനം പേർ ഇല്ല എന്നും നിലപാടെടുത്തു.
മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമാണ് ബഹുഭൂരിപക്ഷം ആളുകളും. 53.6 ശതമാനം പേരാണ് രാഹുൽ ഗാന്ധി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. എൽഡിഎഫിൻ്റെ ആനി രാജ വിജയിക്കുമെന്ന് 29.9 ശതമാനം പേരും എൻഡിഎയുടെ കെ സുരേന്ദ്രൻ വിജയിക്കുമെന്ന് 16.1 ശതമാനം പേരും അഭിപ്രായപ്പെട്ടു. .0.4 പേരുടെ അഭിപ്രായപ്രകാരം മണ്ഡലത്തിൽ മറ്റാരെങ്കിലുമാവും വിജയിക്കുക.