തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാരെന്ന് ഇന്നറിയാം. മന്ത്രിസഭായോഗം ആയിരിക്കും പൊലീസ് മേധാവിയെ തീരുമാനിക്കുക. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനാണ് സാധ്യത. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ കാലാവധി ഇന്ന് അവസാനിക്കും.
1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.



