ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വൻതോതിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം നവോത്ഥാന പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ പൂർവ്വികരായ നിരവധി പരിഷ്ക്കർത്താക്കളുടെ പ്രവർത്തനങ്ങളാണ് മുസ്ലിം സമൂഹത്തിലെ പുരോഗതിക്കും മാറ്റങ്ങൾക്കും നിദാനമായിട്ടുള്ളത്. ഒട്ടനവധി സ്ത്രീ ജനങ്ങൾ ഉൾപ്പെടെ നിരവധി പേരുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളാണ് ഈ നാടിനെയും നാവോത്ഥാന പ്രവർത്തനങ്ങളെയും പുരോഗതിയിലെക്ക് നയിച്ചത്.
ഏത് തരത്തിലുള്ള വർഗ്ഗീയതയും ആപത്താണ്. ആർ എസ് എസ്, സംഘ്പരിവാർ സംഘടനകൾ എല്ലാ അർത്ഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധ്യമായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മത നിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിൽ കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പി കെ അഹ്മദ്, പി വി അബ്ദുൽ വഹാബ് എംപി, ഡോ. ഫസൽ ഗഫൂർ, ഡോ. അൻവർ അമീൻ, അശ്റഫ് ശാഹി ഒമാൻ, ഡോ. ഹുസൈൻ മടവൂർ, അഡ്വ. മായിൻ കുട്ടി മേത്തർ, ഹനീഫ് കായക്കൊടി, അഹ്മദ് അനസ് മൗലവി, നൂർ മുഹമ്മദ് നൂർഷാ, ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.