തിരുവനന്തപുരം: കേരളത്തോടുളള സ്നേഹം ഒരുദിവസം കൊണ്ട് തകർന്നെന്ന് കോവളത്ത് ക്രൂരമർദനത്തിന് ഇരയായ നെതർലാൻഡ്സ് സ്വദേശി കാർവിൻ. കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം ടാക്‌സി ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് പിതാവിനൊപ്പം ചികിത്സയ്‌ക്കെത്തിയ കാൽവിൻ സ്കോൾട്ടന് (27) മർദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഇനി ഇന്ത്യയിലേക്കില്ലെന്നും കാൽവിൻ പറയുന്നു. സംഭവമറിഞ്ഞ് നാട്ടിലെ മുത്തശ്ശി ക്ലാരയും ഭയപ്പാടിലാണ്. സ്‌കോട്ട്‌ലാൻഡിലെ കാളപ്പോരിനേക്കാളും ഇവിടെ നാട്ടുകാർ വിറളിപൂണ്ട് നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അസുഖബാധിതനായി ചികിത്സയ്ക്കെത്തിയ പിതാവിന്റെ കൺമുന്നിൽ വച്ചായിരുന്നു മർദനം. സംഭവശേഷം ഒറ്റയ്‌ക്ക് പുറത്തിറങ്ങിയിട്ടില്ല.
ഇത്രയും മോശപ്പെട്ടവർ ഇനിയെന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്. ചൈനയടക്കം നിരവധി രാജ്യങ്ങൾ സന്ദർശിച്ച തനിക്കിത് ആദ്യാനുഭവമാണ്. മർദിച്ച പ്രതിക്ക് ഉടൻ ജാമ്യം നൽകി. ഞങ്ങളുടെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നെന്നും കാൽവിൻ വ്യക്തമാക്കി.
ആയുർവേദ ചികിത്സാർഥം കേരളത്തിലെത്തിയ കാൽവിനെ ആക്രമിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർ വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ ടിസി 454ൽ ഷാജഹാനെ (40) കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നിന്ന് സുഹൃത്തിന്റെ കാറിൽ കയറവേ ബൈക്കിൽ എത്തിയ ഷാജഹാൻ വാഹനം വിലങ്ങനെ നിർത്തി കാൽവിനെ കാറിൽ നിന്നു വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മർദിക്കുകയായിരുന്നു. മർദനം തടയാൻ ശ്രമിച്ചപ്പോഴാണ് കാൽവിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈയ്ക്കും മർദനമേറ്റു. സ്വകാര്യ കാർ ഡ്രൈവർക്കും പരിക്കേറ്റിരുന്നു.