പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഇലവുങ്കൽനിന്ന് കണമല പോകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം, പത്തനംതിട്ട, നിലയ്ക്കൽ ആശുപത്രികളിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്.
തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരം സ്വദേശികളായ തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ശബരിമലയിലെത്തി മടങ്ങുകയായിരുന്നു ഇവർ. ഒമ്പത് കുട്ടികളടക്കം 64 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് ശബരിമല തുറന്ന് ഉത്സവം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ച് നിരവധി തീർത്ഥാടകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവം ഏപ്രിൽ അഞ്ചിന് പമ്പയിലെ ആറാട്ടോടെ സമാപിക്കുക. കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് അയ്യപ്പഭക്തർ സന്നിധാനത്ത് എത്തിയിരുന്നു.
ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.