റോം: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പ്രതിവാര പൊതുസദസ്സിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു പരിശോധനകൾക്കായി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ പരിശോധിക്കുന്നതിനായി അദ്ദേഹത്തെ സിടി സ്കാനിന് വിധേയനാക്കിയെങ്കിലും ഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നാണു മെഡിക്കൽ റിപ്പോർട്ട്. എങ്കിലും ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് ഇന്നലെ വൈകിട്ട് വത്തിക്കാൻ അധികൃതർ അറിയിച്ചു. അസുഖത്തെ തുടർന്ന് 20-ാം വയസ്സിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
ഫ്രാൻസിസ് പപ്പയുടെ രണ്ടുദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അടുത്ത വാരാന്ത്യത്തിൽ തിരക്കേറിയ വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടക്കാനിരിക്കെ അദ്ദേഹത്തിന് ചികിത്സ തേടേണ്ടിവന്നതിൽ വത്തിക്കാന് ആശങ്കയുണ്ട്.
1981-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് വെടിയേറ്റപ്പോൾ അദ്ദേഹത്തെ പ്രവേശിപ്പിച്ച അതേ വാർഡിൽ പാപ്പാമാർക്കു മാത്രമായി നീക്കിവച്ചിരിക്കുന്ന പ്രത്യേക മുറിയിലാണ് 86 വയസുള്ള ഫ്രാൻസിസ് പാപ്പയും ചികിത്സയിൽ കഴിയുന്നത്.