ചൈനീസ് പ്ലാന്റുകളിലെ നിർമാണവും മറ്റു പ്രവർത്തനങ്ങളും വെട്ടിക്കുറച്ച് ഇന്ത്യയിൽ സജീമാകാനാണ് ആപ്പിളിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ചൈനീസ് മാധ്യങ്ങൾ വരെ പ്രസിദ്ധീകരിച്ചിരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തിയ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
ഐഫോൺ നിർമാതാക്കളുടെ രാജ്യത്തെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിനോടൊപ്പം ടിം കുക്ക് പ്രധാനമന്ത്രിയെയും ഐടി മന്ത്രിയെയും കാണുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. മുംബൈയിലും ന്യൂഡൽഹിയിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഔദ്യോഗിക ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള കുക്കിന്റെ സന്ദർശനം ആപ്പിളിന്റെ ഇന്ത്യയെക്കുറിച്ചുള്ള വളർന്നുവരുന്ന പ്രതീക്ഷകൾക്ക് അടിവരയിടുന്നതാണ്.
ചൈനയിൽ നിന്നു കൂടുതൽ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റാനും ആപ്പിൾ നീക്കം നടത്തുന്നുണ്ട്. ഒപ്പം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും കൂടിയിട്ടുണ്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഭാവി പദ്ധതികൾ ചർച്ച ചെയ്യാനായി കുക്ക് ബുധനാഴ്ച ഡൽഹിയിൽ മോദിയെ കാണുമെന്ന് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന രണ്ട് വൃത്തങ്ങൾ അറിയിച്ചു.
ആപ്പിൾ മേധാവി ഇന്ത്യയുടെ ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ, ഇക്കാര്യത്തിൽ മോദിയുടെ ഓഫിസ് പ്രതികരിക്കാൻ വിസമ്മതിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിളിന്റെ വൻ കുതിപ്പിനിടെയാണ് കുക്കിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
2022 ഏപ്രിലിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ ഏകദേശം 900 കോടി ഡോളർ ( ഏകദേശം 738 കോടി രൂപ) മൂല്യം വരുന്ന സ്‌മാർട് ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. ഇതിൽ 50 ശതമാനത്തിലധികം ഐഫോണുകളാണെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നു.
ആപ്പിൾ ഇതുവരെ ഉൽപന്നങ്ങൾ ഇന്ത്യയിൽ റീസെല്ലർമാർ വഴിയോ ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയോയാണ് വിറ്റിരുന്നത്. മൈക്കൽ കോർസ്, കേറ്റ് സ്‌പേഡ്, സ്വരോവ്‌സ്‌കി തുടങ്ങിയ ആഡംബര വസ്ത്രങ്ങളുടെയും ആഭരണ ബ്രാൻഡുകളുടെയും ആസ്ഥാനമായ റിലയൻസ് ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ മുംബൈ സ്റ്റോർ. 20,800 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. ഡൽഹി ഔട്ട്‌ലെറ്റിനേക്കാൾ വളരെ വലുതാണിതെന്നും പ്രാദേശിക റജിസ്ട്രേഷൻ രേഖകൾ കാണിക്കുന്നു.
മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം
ഇന്ത്യയിൽ ഇപ്പോൾ ആപ്പിളിന് മൂന്ന് കരാർ നിർമാതാക്കളാണ് ഐഫോണുകൾ അസംബിൾ ചെയ്യുന്നത് – ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ. ഇതോടൊപ്പം ആപ്പിളും ഇന്ത്യയിൽ ഐപാഡുകളും എയർപോഡുകളും അസംബിൾ ചെയ്യാൻ പദ്ധതിയിടുന്നുണ്ട്.
∙ ആപ്പിളിന് ഇന്ത്യയിൽ വൻ കുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിൾ ഇന്ത്യയിൽ 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളും വിറ്റതായി റിപ്പോർട്ട്. രാജ്യത്ത് നിർമാണം തുടങ്ങിയ ഐഫോണുകൾക്ക് ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകളും വന്നു കഴിഞ്ഞു. ഇതോടെ വിൽപന ഇനിയും കൂടുമെന്നാണ് കരുതുന്നത്.
വിപണിയിൽ നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സിഎംആർ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആപ്പിൾ രാജ്യത്ത് 70 ലക്ഷത്തിലധികം ഐഫോണുകളും 5 ലക്ഷം ഐപാഡുകളും വിറ്റിട്ടുണ്ട്. ഐഫോൺ വിൽപനയിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ആപ്പിൾ ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനം ഇരട്ടിയാക്കുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ 6 ശതമാനം വിപണി വിഹിതം നേടിയേക്കുമെന്നും പ്രവചനമുണ്ട്. ഈ കാലയളവിൽ രാജ്യത്ത് 80 ലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, മാർച്ച് പാദത്തിൽ രാജ്യത്ത് 67 ശതമാനം വളർച്ച രേഖപ്പെടുത്തി 21 ലക്ഷം ഐഫോണുകളുടെ വിൽപനയാണ് നടന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയിൽ ഐപാഡുകളും ഐഫോണുകളുമാണ് കാര്യമായി വിറ്റുപോയത്. പ്രത്യേകിച്ചും ഐഫോൺ 14, ഐഫോൺ 13 സീരീസുകളുമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ ഐഫോൺ 13 സീരീസ് 48 ശതമാനം വിപണി വിഹിതം നേടിയിരുന്നു. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസ് ഇന്ത്യയിൽ 36 ശതമാനം വിപണി വിഹിതമാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും വൻ വിജയാണ് നേടിയത്. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് ഏകദേശം 85,000 കോടി രൂപയുടെ ഫോണുകള്‍ കയറ്റുമതി ചെയ്തു. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ പ്രാദേശിക നിർമാണത്തിനായി സർക്കാർ വലിയ സഹായമാണ് നൽകുന്നത്. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ഐഎഎൻഎസിന് നൽകിയ കണക്കുകൾ പ്രകാരം 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 1000 കോടി ഡോളർ മൂല്യമുള്ള സ്‌മാർട് ഫോൺ കയറ്റുമതി ചെയ്തെന്നാണ്.
കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടിയായി. ഐസിഇഎയുടെ കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ നിലവിൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നത്.
ഫോൺ നിർമാണ മേഖലയിൽ നിന്നുള്ള വരുമാനം 4000 കോടി ഡോളറിലെത്തും, ഇതിൽ 25 ശതമാനം കയറ്റുമതി ചെയ്യാനാകുന്നത് വലിയ നേട്ടമാണെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്‌മാർട് ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ്.
ഈ വർഷം മൊബൈൽ ഫോൺ കയറ്റുമതിയിൽ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാൽ 2023 ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2022 ൽ 80-85 ശതമാനം ഐഫോണുകൾ നിർമിച്ച ചൈനയ്ക്ക് തുല്യമായി, 2027 ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിർമിക്കാൻ സാധ്യതയുണ്ട്.
ചൈനയിൽ നിന്നുള്ള സ്മാർട് ഫോൺ നിർമാണ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയും വിയറ്റ്‌നാമും ആണ്. 2022 അവസാനത്തിലെ കണക്കുകൾ പ്രകാരം ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണെന്ന് പറയുന്നു. ഡിസംബറിൽ 100 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നുണ്ട്.