അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഭാഗമായി പ്രധാന തിരുനാൾ ദിവസമായ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ 10.30 ന് തിരുനാൾ റാസ കുർബാനയ്ക്ക് ശേഷമാണ് വല്യച്ചന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ആരംഭിച്ചത്.
മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയായി. വിശ്വാസികളുടെ പ്രാർത്ഥനാ തിഗീതങ്ങൾക്കൊപ്പം പള്ളിയിലെ മണിനാവുകൾ ആനന്ദത്തിന്റെ സങ്കീർത്തനം മുഴ ക്കിയതോടെ അരുവിത്തുറ ഭക്തിസാന്ദ്രമായി. രാവിലെ ഫാ.ജോർജ് പുല്ലുകാലായിൽ, ഫാ.ജോൺ കുറ്റാരപ്പള്ളിൽ, ഫാ.ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോവാനി എന്നിവരുടെ കാർമികത്വത്തിൽ റാസ കുർബാന അർപ്പിച്ചു. ഫാ. തോമസ് വടക്കേൽ തിരുനാൾ സന്ദേശം നൽകി.
ഇന്നലെ രാവിലെമുതൽ നാടിന്റെ നാനാദിക്കിൽനിന്നും വിശ്വാസിസാഗരം ഒഴുകിയെത്തി. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടവകക്കാരുടെ തിരുനാൾ ദിവസമായ ഇന്നു രാവിലെ 5.30, 6.45, 8.00, 9.30, 10.30, 12.00, 1.30, ഉച്ചകഴിഞ്ഞ് 2.45 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും. നാലിന് മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന, സന്ദേശം.
നൊവേന-ഫാ. ഏബ്രഹാം വലിയകുളം. 5.30 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന- പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഏഴിന് തിരുസ്വരൂപപുനഃപ്രതിഷ്ഠ. എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. അന്നേ ദിവസം രാവിലെ പത്തിന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.