ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥനുൾപ്പെടെ 4 ജവാൻമാർക്ക് പരിക്കേറ്റതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിംഗ് പറഞ്ഞു. രജൗരിയിൽ ഇന്റർനെറ്റ് സേവനം നിർത്തിയതായി അധികൃതർ.
ജില്ലയിലെ കണ്ടി വനമേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, ഇന്ത്യൻ ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം പ്രസ്താവന ഇറക്കി. പരിക്കേറ്റ ജവാന്മാരെ ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുരക്ഷ കണക്കിലെടുത്ത് ഇന്റർനെറ്റ് സേവനങ്ങൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ സംഘങ്ങളെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് അയച്ചതായി സൈന്യം അറിയിച്ചു. ഒരു സംഘം ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഭീകരർ കൊല്ലപ്പെടാനും സാധ്യതയുണ്ട്. ഓപ്പറേഷൻ തുടരുകയാണ്.