ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള പരസ്യം നൽകിയതിന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന നിരക്കുകൾ സംബന്ധിച്ച് കമ്മിഷൻ തെളിവുകൾ തേടി. മേയ് 7ന് വൈകിട്ട് 7നു മുൻപ് തെളിവുകൾ സമർപ്പിക്കണമെന്ന് നോട്ടിസിൽ പറയുന്നു. ബിജെപി നൽകിയ പരാതിയെ തുടർന്നാണ് നോട്ടിസ്.
ബെംഗളൂരുവിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ
മേയ് 10ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019-2023 കാലയളവിൽ സംസ്ഥാനത്ത് നടന്ന അഴിമതിയുടെ കണക്കുകൾ ഉൾപ്പെടുത്തി കോൺഗ്രസ് പോസ്റ്ററുകളും പരസ്യങ്ങളും പുറത്തിറക്കിയിരുന്നു. ‘40 ശതമാനം കമ്മിഷൻ’ ആരോപണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരസ്യം. ബിജെപിയെ ‘ട്രബിൾ എൻജിൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് കലബുർഗി ജില്ലയിലെ ചിറ്റാപുർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക് ഖർഗെയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടിസ്. പ്രധാനമന്ത്രിയെ ‘നാലായക്’ (അയോഗ്യൻ) എന്ന് പ്രിയങ്ക് വിശേഷിപ്പിച്ചതിലായിരുന്നു നോട്ടിസ്.