കോയമ്പത്തൂർ: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍റെ 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിന് ശേഷമാണ് നടപടി. സിക്കിം ലോട്ടറികളുടെ മാസ്റ്റർ ഡിസ്ട്രിബ്യൂട്ടറായ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കോയമ്പത്തൂരിലെ ഓഫിസ്, കോയമ്പത്തൂരിലെ വീടും പരിസരവും ചെന്നൈയിലെ കുടുംബാംഗങ്ങളുടെ വീടും ഓഫിസും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
കേരളത്തിൽ സിക്കം ലോട്ടറി വിൽപ്പന നടത്തിയത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ സിബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ തീരുമാനിച്ചത്. സിക്കിം സർക്കാരിന് 910 കോടി രൂപയുടെ നഷ്ടമാണ് മാർട്ടിനും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ചേർന്ന് വരുത്തിവച്ചിരിക്കുന്നത്.
അതേസമയം, നേരത്തെ ലോട്ടറി വില്‍പനയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചു, അനധികൃത പണമിടപാട് നടത്തി എന്നീ ആരോപണങ്ങളുടെ പേരിൽ മാർട്ടിനെതിരെ കൊച്ചി എന്‍ഫോഴ്‌സ്‌ന്‍റ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാർട്ടിന്‍റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്. ചെന്നൈയിലെ താമസ സ്ഥലത്തും കോയമ്പത്തൂരിലെ മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ഓഫിസിലും ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മേയ് 12,13 ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 25ന് മാര്‍ട്ടിന്‍റെ മരുമകന്‍ ആദവ് അര്‍ജുന്‍റെ ഓഫിസിലും ഇഡി പരിശോധന നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.