പത്തനംതിട്ട: ഗവേഷക വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. പന്തളം എൻഎസ്എസ് കോളേജ് പ്രിൻസിപ്പാള്‍ നന്ത്യത്ത് ഗോപാലകൃഷ്ണനെതിരെയാണ് കോളേജ് മാനേജ്‌മെന്റിന്‍റെ നടപടി.
ഒരു വർഷം മുമ്പാണ് ഇയാളുടെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥി കേരള സർവകലാശാലയ്ക്ക് പരാതി നൽകിയത്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് കോളേജ് മാനേജ്‌മെന്റിനോട് സർവകലാശാല നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഗൈഡ് പദവി സർവകലാശാല റദ്ദാക്കിയിരുന്നു. തിരുവനന്തപുരം എംജി കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ഗോപാലകൃഷ്ണൻ അടുത്തിടെയാണ് പന്തളം കോളേജിലേക്ക് സ്ഥലം മാറി എത്തിയത്.