ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനം നാളെ. 24 മന്ത്രിമാർ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും. ബിജെപി വിട്ട് കൂറ് മാറി എത്തി അത്തനിയിൽ നിന്ന് ജയിച്ച ലക്ഷ്മൺ സാവധി പട്ടികയിൽ ഇല്ല. എന്‍ എ ഹാരിസിനും മന്ത്രിസഭയില്‍ ഇടമില്ല. ജഗദീഷ് ഷെട്ടർക്ക് എംഎൽസി പദവി നൽകിയ ശേഷമേ മന്ത്രി പദവി നൽകാനാകൂ എന്നതിനാൽ ഷെട്ടറും പട്ടികയിൽ ഇല്ല. ലക്ഷ്മി ഹെബ്ബാൾക്കർ ആണ് മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം. നാളെ 11.30-ന് രാജ് ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ നടക്കുക. ആദ്യ രണ്ടര വർഷം പട്ടികയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. അതുപോലെ തന്നെ വകുപ്പ് വിഭജനം നാളെ ഉണ്ടായേക്കും.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. 12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഹിന്ദ വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ.
ഏഴംഗങ്ങൾ വീതം ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുമുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാർ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേർ വീതവുമുണ്ട്. മുസ്ലിം വിഭാഗത്തിൽ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയിലുള്ളത്. കൂടാതെ സ്പീക്കർ പദവിയും മുസ്ലിം വിഭാഗത്തിനാണ്. അങ്ങനെ അഹിന്ദ മത, സമുദായങ്ങളിൽ നിന്ന് 17 പേരാണ് മന്ത്രിസഭയിൽ. ബ്രാഹ്മണ, ജെയിൻ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്.
അതേ സമയം, കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥിയെ ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.
ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.