തിരുവനന്തപുരം : ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലാർക്ക് കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കൽ ശ്രീകലയിൽ ശ്രീനാഥിനെ റൂറൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് 26 വയസ്സുള്ള യുവതിയെ വിവാഹം കഴിച്ച ശ്രീനാഥ് ഈ വിവാഹ ബന്ധം നിലനിൽക്കെ ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെ ഒരു വർഷം മുൻപ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം ചെയ്തു.
കാടിനു പുറത്തേക്ക് എത്തിക്കാൻ അരിക്കൊമ്പന് കാട്ടിനുള്ളിൽ അരി: പ്രചാരണം നിഷേധിച്ച് തമിഴ്നാട്
വിവാഹസമ്മാനമായി 10 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറും കൈപ്പറ്റിയെന്ന് പൊലീസ് പറഞ്ഞു. രണ്ടാമതു വിവാഹം കഴിച്ച യുവതി പ്രതിയുടെ ആദ്യ വിവാഹത്തെപ്പറ്റി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.
വിവാഹങ്ങളുടെ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്ത് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി.ഉജ്വൽ കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷംനാദ്, സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, ആൽബിൻ, ബിന്ദു എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.