Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി വികാരി! 'ചരമദിന' സമരവുമായി ഇടവകക്കാർ

ജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി വികാരി! ‘ചരമദിന’ സമരവുമായി ഇടവകക്കാർ

തൃശൂര്‍: ജീവിച്ചിരിക്കുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണ കുര്‍ബാന നടത്തിയ പള്ളി വികാരിക്ക് മറുപടിയുമായി ഇടവകക്കാരുടെ വേറിട്ട സമരം. പെന്തക്കൂസ്താ നാളിലാണ് പൂമല ചെറുപുഷ്പ ദേവാലയത്തില്‍ വികാരി ഫാ. ജോയ്‌സണ്‍ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയത്. ഇടവകക്കാരാകട്ടെ തങ്ങളുടെ ‘ഏഴാം ചരമദിന’ ചടങ്ങുകള്‍ നടത്തിയാണ് പ്രതിഷേധം കടുപ്പിച്ചത്. പുതിയ പള്ളി നിര്‍മ്മിച്ചതിന്‍റെ കണക്കുകള്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിര്‍പ്പുകളുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികള്‍ സമരം നടത്തിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തില്‍ നിന്നും വിശ്വാസികള്‍ പിന്മാറിയതെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും വിശ്വാസികള്‍ ആരോപിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങള്‍ക്ക് മരണ കൂര്‍ബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് വിശ്വാസികള്‍.

വേദോപദേശക്ലാസ്സില്‍ പഠിക്കാന്‍ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കാനും നീക്കമുണ്ട്. പള്ളി വികാരി കൂട്ട കുർബാന നടത്തിയവർക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തിയാണ് വിശ്വാസികള്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ നടത്തിയത്. സിബി പതിയില്‍, ജിജോ കുര്യന്‍, പി കെ ലാളി, പ്രകാശ് ജോണ്‍, ജോണ്‍സണ്‍ പുളിയന്‍മാക്കല്‍, ഷാജി വട്ടുകുളം, റോയി മാടപ്പിള്ളി, ജോസ് വെട്ടിക്കൊമ്പില്‍, സാജന്‍ ആരിവേലിക്കല്‍, ജോസ് പുല്‍ക്കൂട്ടിശ്ശേരി, പി ജെ കുര്യന്‍, പ്രസാദ് പി ജെ, ജിബി ജോസഫ്, പി ജെ ആന്റണി സിജോ കുറ്റിയാനി, ജോര്‍ജ് ചിറമാലിയില്‍, കെ ജെ ജെറി, സിബി സെബാസ്റ്റ്യന്‍, റോയ്, ജോജോ കുര്യന്‍ , അനൂപ് സെബാസ്റ്റ്യന്‍ എന്നിവരാണ് വിശ്വാസികളുടെ വേറിട്ട സമരത്തിന് നേതൃത്വം നല്‍കിയത്. ‘ഏഴാം ചരമദിനാ’ചരണത്തിന്‍റെ ഭാഗമായി വിശ്വാസികള്‍ ഉണ്ണിയപ്പ വിതരണവും നടത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments