പട്‌ന: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഏകീകരണത്തിന് ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി. ഹിന്ദു സ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് കുമാര്‍ സുമന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാരില്‍ പട്ടിക ജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ്. തന്റെ പാര്‍ട്ടി നിലനില്‍പ്പ് ഭീഷണിയിലാണെന്നും അതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സഖ്യം വിടുന്ന കാര്യം എച്ച്എഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നാല് എംഎല്‍എമാരുള്ള എച്ച്എഎം മഹാസഖ്യം വിട്ടാലും നിതീഷ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകില്ല. എന്നാല്‍ ഒരു ദളിത് വോട്ട് ബാങ്കുള്ള പാര്‍ട്ടിയുടെ പടിയിറക്കം മഹാസഖ്യത്തിന് ക്ഷീണം ചെയ്‌തേക്കും.
ഐക്യംരൂപീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 23ന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതിലേക്ക് എച്ച്.എ.എമ്മിന് ക്ഷമണില്ലാത്തതാണ് സന്തോഷ് കുമാര്‍ സുമന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
‘ഞങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഒരു പാര്‍ട്ടിയായി പോലും അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെ ക്ഷണിക്കും?’ യോഗത്തിലേക്ക് ക്ഷണമുണ്ടോ എന്ന മാധ്യങ്ങളുടെ ചോദ്യത്തിന് സന്തോഷ് സുമന്‍ പ്രതികരിച്ചു.
‘കാട്ടില്‍ ഒരുപാട് മൃഗങ്ങള്‍ വസിക്കുന്നുണ്ടാകും. സിംഹങ്ങളുണ്ടാകും. അവര്‍ വേട്ടയാടുന്ന ചെറിയ മൃഗങ്ങളുമുണ്ടാകും. എല്ലാവരും രക്ഷപ്പെടുന്നു, മാനുകളും രക്ഷപ്പെടുന്നു. ഇതുവരെ ഞങ്ങളും രക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പിന്നിട്ട് വഴികളിലേക്ക് നോക്കുമ്പോള്‍ അധിക കാലം സുരക്ഷിതമല്ലെന്ന് തോന്നി’ സന്തോഷ് കുമാര്‍ പറഞ്ഞു.