Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുംബൈ ട്രെയിൻ സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളി കാനഡയിൽ പിടിയിൽ

മുംബൈ ട്രെയിൻ സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളി കാനഡയിൽ പിടിയിൽ

ഒട്ടാവ: പത്തുപേരുടെ ദാരുണാന്ത്യത്തിന് കാരണമായ മുംബൈ മുളുണ്ട് ട്രെയിൻ സ്‌ഫോടനക്കേസിൽ പോലീസ് തിരയുന്ന മലയാളിയായ ആലുവ കപ്രാശേരി ചാണേപ്പറമ്പിൽ മുഹമ്മദ് ബഷീർ (സി.എ.എം. ബഷീർ) കാനഡയിൽ ഇന്റർപോളിന്റെ പിടിയിൽ. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ദേശീയ പ്രസിഡന്റായിരുന്നു. കാനഡയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുമ്പോഴാണ് വിമാനത്താവളത്തിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് ബഷീറിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം.

ലഷ്‌കർ-ഇ-തൊയ്ബ അടക്കമുള്ള സംഘടനകളിലേക്ക് ഇയാൾ രാജ്യത്ത് നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തെരച്ചിൽ നോട്ടീസ് ഉണ്ടായിരുന്നതാണ് രാജ്യം വിടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിടിയിലാവാൻ കാരണമായത്. ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിൽ എയ്‌റോ നോട്ടിക്കൽ എൻജിനിയറായിരുന്നു. യു.എ.ഇ,സിംഗപ്പൂർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നതിന് ശേഷമാണ് കാനഡയിലെത്തിയത്. ഇതിന് പുറമെ ഇയാൾക്ക് മറ്റ് തീവ്രവാദ സംഘടനകളും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ ഇയാൾ ഏകോപിപ്പിച്ചതായും വിവരമുണ്ട്.

ബഷീറിന്റെ പേരിൽ സി.ബി.ഐ. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായത് ഇയാൾ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. പരിശോധനയ്‌ക്കായി കുടുംബാംഗങ്ങളുടെ രക്തപരിശോധന നടത്താൻ വിചാരണക്കോടതി പോലീസിന് അനുമതി നൽകി.ബഷീറിന്റെ കുടുംബാംഗങ്ങൾ കേരളത്തിലാണുള്ളത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ ആലുവയിലുള്ള ബഷീറിന്റെ സഹോദരി സുഹ്റാബീവിയുടെ രക്തസാമ്പിൾ പരിശോധിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതിന് അനുമതിതേടിയുള്ള പോലീസിന്റെ അപേക്ഷയെ ബഷീറിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഷെറീഫ്ശൈഖ് എതിർത്തു.

2003 മാർച്ച് 13-ന് മുളുണ്ടിൽ ലോക്കൽ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത് ബഷീറാണെന്ന് ഈ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. 1990-കളുടെ ആരംഭത്തിൽ പാകിസ്താനിൽ ഐ.എസ്.ഐ. ക്യാമ്പിൽനിന്ന് പരിശീലനം ലഭിച്ച സംഘത്തിൽപ്പെട്ടയാളാണ് ബഷീറെന്ന് പോലീസ് പറയുന്നു. ബഷീർ ഷാർജ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്.

പാക്കിസ്ഥാനിൽ നിന്ന് 1980ൽ പരിശീലനം നേടിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ അന്വേഷണ ഏജൻസികളുടെ റെഡാറിലെത്തുന്നത്. കളമശേരി ബസ് കത്തിക്കൽ കേസിലും ന്യൂമാൻകോളേജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലും സംശയ നിഴലിലായിരുന്ന ബഷീറിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. 1989ൽ സിമിയുടെ പ്രസിഡന്റായ ഇയാളുടെ കാലത്താണ് നിരോധിത പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 1992ലെ അഹമ്മദാബാദ് സ്‌ഫോടനത്തെ തുടർന്നാണ് കേന്ദ്ര അഭ്യന്തര വകുപ്പിന്റെ നീരിക്ഷണത്തിലായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com