തിരുവനന്തപുരം: തിരുവനന്തപുരത്ത് കാമുകനെ വിവാഹം കഴിക്കാനെത്തിയ പെൺകുട്ടിയെ ക്ഷേത്രത്തിൽ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് പൊലീസ് സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി. കോവളം പോലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രണയ വിവാഹത്തിന് അമ്പലത്തിൽ എത്തിയ പെൺകുട്ടിയെയാണ് കായംകുളം പോലീസ് ബന്ധുക്കൾക്കൊപ്പം കൊണ്ടുപോയത്. പെൺകുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറിൽ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു.
കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്‍റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.
ഇതിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തിൽ എത്തി അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്ന് അൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനിൽ എത്തി. ഇവിടെ വെച്ചും അൽഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും പെൺകുട്ടിയോട് ആക്രോശിച്ച് ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു.
കായംകുളം പൊലീസിന്‍റെ ബലപ്രയോഗത്തിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മാൻ മിസ്സിങ്ങിന് കേസെടുത്തിട്ടുള്ളതിനാൽ പെൺകുട്ടിയെ കൊണ്ടുപോയെ പറ്റു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും അവരെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ആരോടൊപ്പം കഴിയണമെന്ന് പെൺകുട്ടിക്ക് കോടതിയെ അറിയിക്കാമെന്നാണ് പൊലീസ് പറയുന്നത്.