Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന; ഇടുക്കിക്കാരനുൾപ്പെടെ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന; ഇടുക്കിക്കാരനുൾപ്പെടെ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

ശിവമോ​ഗ: താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വിൽപന നടത്തിയ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കൽ വിദ്യാർഥികളെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്‌നാട് ധർമപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവരാണ് കഞ്ചാവ് കൃഷി ചെയ്ത് വിൽപന നടത്തിയതിന് പിടിയിലായത്. നഗരത്തിലെ സുബ്ബയ്യ മെഡിക്കൽ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക വീട്ടിലാണ് ഇവർ കഞ്ചാവ് കൃഷി ചെയ്തത്. 

വെള്ളിയാഴ്ച പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോ ഫ്രഷ് കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകൾ, ആറ് ടേബിൾ ഫാനുകൾ, രണ്ട് സ്റ്റെബിലൈസറുകൾ, മൂന്ന് എൽഇഡി ലൈറ്റുകൾ, ഹുക്ക പൈപ്പുകൾ, പാത്രങ്ങൾ, 19,000 രൂപ എന്നിവയും പിടിച്ചെടുത്തു. മറ്റൊരു കേസിൽ മെഡ‍ിക്കൽ വിദ്യാർഥികളായ അബ്ദുൾ ഖയ്യൂം (25), അർപിത (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നഗരത്തിലെ ഹാലെ ഗുരുപുരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 466 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. നാട്ടുകാർക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.  

ഹൈടെക് രീതിയിലായിരുന്നു വിദ്യാർഥികളുടെ കഞ്ചാവ് കൃഷിയെന്ന് ശിവമോഗ പൊലീസ് പറഞ്ഞു. പ്രതികളായ വി​ഗിനരാജ് , വിനോദ് കുമാർ, പാണ്ടിദൊറൈ എന്നിവർ കഞ്ചാവ് ഇൻഡോർ കൃഷിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് പഠിച്ചു. വീട്ടിനുള്ളിലെ കൃഷിക്ക് ആവശ്യമായ ടെന്റ്, ഫാനുകൾ, എൽഇഡി ലൈറ്റുകൾ, വിത്തുകൾ, മറ്റ് വസ്തുക്കൾ എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വാങ്ങിയത്.

കഴിഞ്ഞ മൂന്നര മാസമായി ഇവർ കഞ്ചാവ് കൃഷി ചെയ്യുകയും ഉണങ്ങിയ കഞ്ചാവ് ചെറിയ പൊതികളിലാക്കി നാട്ടിലും പുറത്തും വിൽക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ അയൽ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു. ആദ്യമായാണ് വീട്ടിൽ  കഞ്ചാവ് അത്യാധുനികമായി കൃഷി ചെയ്യുന്നത് കാണുന്നതെന്നും വാടകക്ക് താമസിക്കുന്നവരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമായി കണ്ടാൽ പൊലീസിനെ അറിയിക്കാൻ ഉടമകളോട് നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എൻഡിപിഎസ് ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ ശിവമോഗ റൂറൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com