ഇസ്ലാമാബാദ് : സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിലെ ക്രിസ്ത്യാനികളോട് ‘പ്രതികാരം’ വീട്ടുമെന്ന് നേരത്തെ ഭീകര സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ-ഇ-ജാങ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഭീകരസംഘടനയ്‌ക്ക് പാക് കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സംരക്ഷണമുണ്ട്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത് .
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . എല്ലാ രാഷ്‌ട്രീയ പാർട്ടികളുമുൾപ്പെടെ രാജ്യം മുഴുവൻ റാലികളിൽ പങ്കെടുക്കണമെന്നും ഷഹബാസ് ഷെരീഫ് നിർദേശിച്ചിട്ടുണ്ട് . വെള്ളിയാഴ്ച യും-ഇ-തഖ്ദുസ്-ഇ-ഖുറാൻ ആയി ആചരിക്കും.
ബക്രീദ് ആഘോഷത്തിനിടെ സ്വീഡനിലെ പള്ളിക്ക് പുറത്ത് ഖുറാൻ പരസ്യമായി കത്തിച്ചതിനെ അപലപിച്ച് പാകിസ്താൻ നേരത്തേ രംഗത്തെത്തിയിരുന്നു . കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുസ്ലീം ജനതയ്‌ക്കെതിരായ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രസംഗവും സ്വീഡിഷ് സർക്കാർ കൈകാര്യം ചെയ്യണമെന്നും ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
മാത്രമല്ല, ഈ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ യോഗം വിളിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥനയെ തുടർന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേരുമെന്ന് 57 ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും (ഒഐസി) അറിയിച്ചു. ഞായറാഴ്ച ജിദ്ദയിലാണ് യോഗം. അതേസമയം, പാകിസ്താനിൽ ഒരു പള്ളിയും ക്രിസ്ത്യാനിയും സുരക്ഷിതരായിരിക്കില്ലെന്ന് ലഷ്‌കർ-ഇ-ജാംഗ്‌വി ഭീകരൻ നസീർ റെയ്‌സാനി പ്രസ്താവന ഇറക്കിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തിന് പ്രതികാരം ചെയ്യാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചാവേർ ബോംബാക്രമണം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു . ഖുറാനെ അപമാനിച്ചുകൊണ്ട് ക്രിസ്ത്യാനികൾ സ്വീഡനിലെ മുസ്ലീങ്ങളെ വെല്ലുവിളിക്കുകയായിരുന്നു . ഒരു ക്രിസ്ത്യാനി മറ്റൊരു രാജ്യത്ത് ഖുറാനെ അവഹേളിച്ചാൽ, ജിഹാദിന്റെ പാത പിന്തുടരുന്ന ലഷ്‌കർ-ഇ-ജാംഗ്‌വി പാകിസ്താനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടുമെന്നുമാണ് നസീർ റെയ്‌സാനി പ്രസ്താവനയിൽ പറയുന്നത് . അതുകൊണ്ട് തന്നെ പാക് ക്രിസ്ത്യാനികൾ സർക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നുണ്ട് .