ഉത്തരേന്ത്യയിൽ വ്യാപക മഴ. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബിയാസ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.നിരവധി വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. മണ്ഡി ജില്ലയിൽ പാലം ഒലിച്ചുപോയി. ഷിംല കൽക്ക ട്രെയിൻ സർവീസ് റദ്ദാക്കി. ഹിമാചലിൽ വീടുകൾ തകർന്ന് അഞ്ചുപേർ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിൽ പട്രോളിങ്ങിനിടെയാണ് സൈനികർ മിന്നൽ പ്രളയത്തിൽപ്പെട്ടത്.
കനത്ത മഴ തുടരുന്ന, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. റംബാനിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു. മഴക്കെടുതിയിൽ രാജസ്ഥാനിൽ നാലും, ഉത്തർപ്രദേശിൽ രണ്ടും ഡൽഹിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹി നഗരമാകെ വെള്ളക്കെട്ടിൽ മുങ്ങി. മിന്റോ റോഡ് അടച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്. ഗവർണറുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.