ബോല്‍പുർ: ജനാധിപത്യം പലപ്പോഴും ആവശ്യപ്പെടുന്നത് അധികാരം പങ്കിടലാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇതരപ്രതിപക്ഷ പാര്‍ട്ടികള്‍ ഫെഡറല്‍ സഖ്യം രൂപീകരിക്കാന്‍ നടത്തുന്ന ചര്‍ച്ചകളെയും അമര്‍ത്യാ സെന്‍ സ്വാഗതം ചെയ്തു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമര്‍ത്യാ സെന്നിന്റെ പ്രതികരണം. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും അമര്‍ത്യാസെന്‍ ചൂണ്ടിക്കാണിച്ചു.
‘ജനാധിപത്യം പലപ്പോഴും അധികാരം പങ്കിടാന്‍ ആവശ്യപ്പെടുന്നു എന്നതാണ് വസ്തുത. എന്നാല്‍ പലപ്പോഴും, ഭൂരിപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ പാര്‍ട്ടികള്‍ക്ക് ആ ശക്തി ഉണ്ടാകാന്‍ അനുവദിച്ചില്ല, പകരം ന്യൂനപക്ഷത്തെ അനിശ്ചിതാവസ്ഥയിലേക്ക് നയിച്ചു,’ സെന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അമര്‍ത്യാസെന്‍ ചൂണ്ടിക്കാണിച്ചു. പാട്‌നയില്‍ കഴിഞ്ഞമാസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഒരു നിലയില്‍ ഇതിന്റെ സൂചനയാണ് നല്‍കുന്നതെന്നും അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ കേസിലും അമര്‍ത്യാസെന്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ ഏതെങ്കിലും അംഗത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്യുകയോ സമാനമായ കേസിന്റെ പേരില്‍ ആർക്കെങ്കിലും പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുകയോ ചെയ്ത സാഹചര്യം ഓര്‍മ്മയിലില്ലെന്നായിരുന്നു അമര്‍ത്യാസെന്നിന്റെ പ്രതികരണം. ഇന്ത്യ ആ ദിശയിലേക്ക് പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏക സിവില്‍ കോഡ് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അത് ഇന്ത്യയുടെ ജനാധിപത്യ പരീക്ഷണത്തില്‍ എന്തുതരം പ്രതികൂല പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ആശങ്കയുണ്ടെന്നും അമര്‍ത്യാസെന്‍ വ്യക്തമാക്കി.
പാട്‌ന യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ബെംഗളൂരൂവില്‍ രണ്ടാമത് യോഗം ചേരുന്നതിനിടയിലാണ് അമര്‍ത്യാസെന്നിന്റെ അഭിപ്രായപ്രകടനം. പാട്‌നയിലെ യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തപ്പോള്‍ ബെംഗളൂരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തിനെത്തുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പൊതുമിനിമം പരിപാടിയും ഭാവിപരിപാടിയും ബെംഗളൂരു യോഗത്തില്‍ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.