പത്തനംതിട്ട : ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര പത്തനംതിട്ടയിലെ അടൂരെത്തി. പ്രദേശത്ത് ചെറിയ ചാറ്റൽ മഴയുണ്ട്. എന്നാൽ മഴ പോലും വകവയ്ക്കാതെ ആളുകൾ തടിച്ചുകൂടുകയാണ്. തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാതെ പിരിഞ്ഞുപോകില്ലെന്ന ദൃഢനിശ്ചയത്തിലാണ് ജനസാഗരം.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
അടൂരിൽ നിന്ന് പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.