കേപ് ടൗൺ: അടുത്ത മാസം ജൊഹനാസ്ബർഗിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പങ്കെടുക്കില്ല. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമഫോസയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടി നടക്കുന്നതിനിടയിൽ പുടിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുവാനാണ് തീരുമാനം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുമായി ധാരണയുള്ളതിനാൽ ഈ അറസ്റ്റ് വാറണ്ട് പാലിക്കാൻ ദക്ഷിണാഫ്രിക്ക ബാധ്യസ്ഥരാണ്.
പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നത് ഇരു രാജ്യങ്ങളും പരസ്പര ധാരണയിൽ എടുത്ത തീരുമാനമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. റഷ്യൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ പ്രതിനിധി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
റഷ്യയുമായി മികച്ച സൗഹൃദം പുലർത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മാസങ്ങളായി ഉച്ചകോടിയുടെ നടത്തിപ്പ് തലവേദന സൃഷ്ടിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിക്കിടയിൽ പുടിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമഫോസ പരമാവധി ശ്രമിച്ചിരുന്നു. മുമ്പ് യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കാൻ മടിച്ച ദക്ഷിണാഫ്രിക്ക റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചത്.
പുടിനെ അറസ്റ്റ് ചെയ്യുന്നത് മറ്റൊരു യുദ്ധത്തിന് ആഹ്വാനം നൽകുന്നതിന് തുല്യമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് സഖ്യത്തിന് നൽകിയ മറുപടിയിലായിരുന്നു റമഫോസയുടെ പ്രതികരണം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ എത്തിയാൽ അറസ്റ്റ് ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രിട്ടോറിയ കോടതിയെയാണ് സമീപിച്ചിരുന്നത്. കേസ് കോടതി വെള്ളിയാഴ്ച കേൾക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ബ്രസീൽ, ഇന്ത്യ, ചൈന രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ.
കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്നുമായി ഉണ്ടാക്കിയ ധാന്യ കയറ്റുമതി കരാറിൽ നിന്ന് റഷ്യ പിന്മാറിയിരുന്നു. ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യയുടെ പിന്മാറ്റം തിരിച്ചടിയാകും. 20 ശതമാനത്തിലേറെ ധാന്യമാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ഉണ്ടായിരുന്നത്. എന്നാൽ കയറ്റുമതി തുടരാൻ തയ്യാറാണെന്നാണ് യുക്രെയ്ൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.