ചെന്നൈ: മണിപ്പൂരിലെ കായിക താരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കായിക താരങ്ങൾക്ക് പരിശീലനത്തിനുളള എല്ലാ സൗകര്യവുമൊരുക്കും. താരങ്ങൾക്ക് ഖേലോ ഇന്ത്യ, ഏഷ്യൻ ഗെയിംസ് പോലുളള കായികപരിപാടികൾക്ക് സജ്ജരാകാനുളള സാഹചര്യം മണിപ്പൂരിലില്ല. അവർക്ക് വേണ്ട ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഒരുക്കാൻ മകനും യുവജനക്ഷേമ കായിക വകുപ്പു മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
2024 ഖേലോ ഇന്ത്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തമിഴ്നാടാണ്. വരുന്ന കായിക താരങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുളള സൗകര്യങ്ങൾ ഒരുക്കും. ഏറെ ആശങ്കയോടേയും വേദനയോടെയുമാണ് മണിപ്പൂരിലെ സ്ഥിതിഗതികളെ തമിഴ്നാട് നോക്കി കാണുന്നതെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
വനിത ചാമ്പ്യന്മാരെ സൃഷ്ടിച്ചിട്ടുളള സംസ്ഥാനമാണ് മണിപ്പൂർ. ‘എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്’ എന്ന പ്രസിദ്ധമായ വചനം ഉദ്ധരിച്ച സ്റ്റാലിൻ സ്‌നേഹവും കരുതലുമാണ് തമിഴ് സംസ്‌കാരത്തിന്റെ മുഖമുദ്രയാണെന്നും പറഞ്ഞു. ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്ന മണിപ്പൂരിൽ നിന്നുള്ള താരങ്ങൾക്ക് +91-8925903047-എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ ഐഡി പ്രൂഫും പരിശീലന ആവശ്യകതകളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ [email protected] എന്ന മെയിലിലേക്ക് ഇമെയിൽ ചെയ്യാമെന്നും എം കെ സ്റ്റാലിൻ ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേസമയം സ്റ്റാലിന്റെ ക്ഷണത്തെ സംസ്ഥാന ബിജെപി ഘടകം രൂക്ഷമായി വിമർശിച്ചു. ‘മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് ഉണർന്നിരിക്കുകയാണ്, രാഷ്ട്രീയക്കാരനായാണ് പ്രവർത്തിക്കുന്നത്. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. ടൂർണമെന്റിനായി കായികതാരങ്ങളെ എങ്ങനെ പരിശീലിപ്പിക്കാമെന്ന് ഖേലോ ഇന്ത്യ ഗെയിംസ് ആരംഭിച്ച കേന്ദ്രത്തിന് അറിയാം,’ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു