ഒരു മാസത്തോളമായി കാണാതായ ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെ (Qin Gang) പുറത്താക്കി. ചൈനീസ് രാഷ്ട്രീയത്തിലെ വളർന്നുവരുന്ന താരമായാണ് ക്വിന്‍ ഗാംഗ് കണക്കാക്കപ്പെട്ടിരുന്നത്. ക്വിനിനെ ഒരു മാസത്തോളമായി കാണാതായിട്ട് എന്നാണ് ചൈനീസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട്. ഇത് പല അഭ്യൂഹങ്ങൾക്കും അഴിമതിയാരോപണങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും കാരണമായി.
ഈ വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചൈനയിൽ ഉന്നത നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതായി രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ചാണ് ക്വിനിനെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനമായത്. ക്വിനിന്റെ മുൻഗാമിയായ വാങ് യിയെ (Wang Yi) ചൈനയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിച്ചു.
2022 ഡിസംബറിലാണ് യുഎസിലെ ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിമാരിൽ ഒരാളായി 57 കാരനായ ക്വിൻ ചുമതലയേറ്റത്. ശ്രീലങ്ക, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ 25 ന് ശേഷം ഇദ്ദേഹത്തെ ആരും പൊതുവേദികളിൽ കണ്ടിട്ടില്ല. മാധ്യമങ്ങൾക്കും അദ്ദേഹം യാതൊരു പ്രതികരണവും നൽകിയിരുന്നില്ല.
വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിംഗുകളിലും ക്വിനിനെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. ചില ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്നാണ് മന്ത്രാലയം പിന്നീട് പ്രതികരിച്ചത്. എന്നാൽ ഇതേക്കുറിച്ച് വിശദമായ വിവരങ്ങളൊന്നും ആരും നൽകിയുമില്ല. ഇതോടെ ഊഹാപോഹങ്ങൾക്ക് ആക്കം കൂടി.
കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ അന്താരാഷ്‌ട്ര സമ്മേളനം പോലുള്ള പ്രധാന നയതന്ത്ര പരിപാടികളിൽ ക്വിൻ പങ്കെടുത്തിട്ടില്ല. ചൈനീസ് രാഷ്ട്രീയത്തിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് ആവർത്തിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ക്വിനിനെക്കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ പുറത്തു വന്നത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. രാജ്യത്തെ കോർപ്പറേറ്റ് ഡാറ്റ, കോടതി ഡോക്യുമെന്റുകൾ, അക്കാദമിക് ജേണലുകൾ, എന്നിവയെക്കുറിച്ചെല്ലാം പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതു മൂലം നിക്ഷേപകർക്ക് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വിലയിരുത്താൻ പോലും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചൈനയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രാജ്യത്തെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും പല കാര്യങ്ങളും പുറംലോകം അറിയാറില്ല.
ക്വിൻ രോഗബാധിതനാണെന്ന് ചില വിവരങ്ങൾ പുറത്തു വന്നിരുന്നെങ്കിലും ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. താൻ കോവിഡ് വാക്സിൻ സ്വീകരിച്ചു എന്ന വിവരം 2022 ജൂലൈ വരെ, ചൈനിസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് പുറത്തു പറഞ്ഞിരുന്നില്ല. രാജ്യത്തെ മുൻ വ്യവസായ, വിവര സാങ്കേതിക മന്ത്രി സിയാവോ യാക്കിംഗ്, കഴിഞ്ഞ വർഷം 21 ദിവസത്തേക്ക് സർക്കാർ പരിപാടികളിലും ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടാതെ മാറിനിന്നിട്ടുണ്ട്. രാജ്യത്തെ ഉന്നത അഴിമതി വിരുദ്ധ ഏജൻസി യാക്കിംഗിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ ഇതിനു ശേഷമാണ് പുറത്തു വന്നത്.