ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ആശ്വാസമേകി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നൽകി സുപ്രീംകോടതി. ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് സെപ്റ്റംബർ 15 വരെ പദവിയിൽ തുടരാം. മിശ്രയെ ഒക്‌ടോബർ 15 വരെ തുടരാൻ അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. കൂടുതൽ കാലം പദവിയിൽ തുടരാനാകില്ല. സെപ്റ്റംബർ 15ന് അർദ്ധരാത്രി വരെ മിശ്രയ്ക്ക് പദവിയിൽ തുടരാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടിനല്‍കാനുള്ള കേന്ദ്രത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവില്‍ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജൂലൈ 11ലെ സുപ്രീംകോടതി ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ബി ആര്‍ ഗവായ്, ഹിമ കോഹ്‌ലി, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന് മുന്നില്‍ ആവശ്യപ്പെട്ടത്.
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നൽകുന്നതിനായി നിരവധി വാദങ്ങളാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നത്. ഈ നിർണായക ഘട്ടത്തിൽ കളളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്വേഷണങ്ങളുടെ സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണ്. സഞ്ജയ് കുമാർ മിശ്ര അനുഭവ സമ്പത്തുളള വ്യക്തിയാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു.
സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ കാലാവധിയുളളൂവെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇഡി ഡയറക്ടർക്ക് മൂന്നാം തവണയും കാലാവധി നീട്ടിനൽകിയതിൽ സുപ്രീംകോടതി വിമർശനമുന്നയിക്കുകയും ചെയ്തു. മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്റെ ലംഘനമാണെന്നും സുപ്രീംകോടതി ജൂലൈ 11ലെ വിധിയിൽ പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് പലതവണ കാലാവധി നീട്ടി നൽകി. 2020 നവംബർ 13ന് കേന്ദ്ര സർക്കാർ നിയമന കത്ത് മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വർഷത്തെ കാലാവധി മൂന്നായി മാറ്റുകയും ചെയ്തു. ഇഡി, സിബിഐ മേധാവികളുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം മൂന്ന് വർഷം വരെ നീട്ടാവുന്ന ഓർഡിനൻസ് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.