മരട്: പൊലീസ് വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ഫുട്‌ബോൾ കസ്റ്റഡിയിലെടുത്ത് പനങ്ങാട് പൊലീസ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനക്കായി എത്തിയ പൊലീസ് വാഹനം ഗ്രൗണ്ടിൽ നിർത്തിയിട്ടു. വാഹനം മാറ്റണമെന്നും ബോൾ തട്ടുമെന്നും പറഞ്ഞെങ്കിലും പൊലീസ് ഗ്രൗണ്ടിൽ തന്നെ പാർക്ക് ചെയ്തു പോവുകയായിരുന്നു.
പിന്നീട് കളിക്കുന്നതിനിടെ ബോൾ വാഹനത്തിൽ വന്ന് തട്ടിയതോടെ പനങ്ങാട് എസ്.ഐ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോട് ദേഷ്യപ്പെടുകയും കളിച്ചുകൊണ്ടിരുന്ന ഫുട്ബാൾ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ബോൾ തിരികെ നൽകണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നൽകാതെ പോവുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.