ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ ഇനി ആറ് ദിവസം മാത്രം. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാൻ-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിപ്പ് തുടരും. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരിക്കും ഐഎസ്ആർഒയുടെ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് കുതിക്കുന്നത്. അഞ്ചാം ഭ്രമണപഥത്തിന് ശേഷം ഒരു തവണ ഭൂമിയെ ചുറ്റി വരുന്ന പേടകത്തെ ചന്ദ്രന് നേർക്ക് തിരിച്ചു വിടുന്നതിനായി ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടത്തും.
ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലായിരിക്കും ഇത് പ്രാവർത്തികമാക്കുന്നത്. 28 മുതൽ 31 മിനിറ്റ് വരെയാണ് ഇതിനായി എടുക്കുന്ന സമയം. പേടകം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമായിരിക്കും പ്രവർത്തനം നടക്കുക. വളരെ നിർണായകമായ ഈ ഘട്ടത്തിലാകും ചന്ദ്രയാൻ-3 ഭൂമിയുടെ ആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. 1.2 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ശരാശരി 51 മണിക്കൂർ ആണ് എടുക്കുന്ന സമയം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3.8 ലക്ഷം കിലോമീറ്ററാണ്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നത് വരെയുള്ള ഈ സഞ്ചാരപഥത്തെയാണ് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന് പറയുന്നത്. ഇതിന്റെ ഒടുവിൽ ചന്ദ്രന് ചുറ്റും ദീർഘവൃത്ത ഭ്രമണപഥത്തിൽ ആകും എത്തുക. ഇതിന് ശേഷം പലതവണകളായി ഭ്രമണപഥം ചുരുക്കുകയായിരിക്കും ചെയ്യുക. ഇത്തരത്തിൽ ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തുള്ള വൃത്ത ഭ്രമണത്തിൽ കറങ്ങും. ഇത് വരെ മാത്രമാകും പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന പേടകത്തിന്റെ ദൗത്യം ഉണ്ടാകുക. ഇതിന് ശേഷം അനുകൂലമായ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുന്ന മൂന്നാമത്തെ നിർണായക ഘട്ടമാണ് ഉള്ളത്. ഇത്തരത്തിൽ എല്ലാ ഘട്ടങ്ങളും വിജയിക്കുന്നതോടെ ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് സാധ്യമായേക്കും.