തൃശ്ശൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഉള്ള ക്യാമ്പയിനുമായി തൃശ്ശൂര്‍ അതിരൂപത. അതിരൂപതാ രാഷ്ട്രീയ കാര്യ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍. സെപ്തംബര്‍ 10, 17 തീയ്യതികളില്‍ എല്ലാ ഇടവകകളിലും ബോധവല്‍ക്കരണത്തിനുള്ള ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഇടവകകളില്‍ വായിച്ചു.
ആഗസ്റ്റ് 15 നാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നത്. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരും, നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവരും ഇത് ഉപയോഗപ്പെടുത്താവരും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടാവുന്നത്. തിരഞ്ഞെടുപ്പുകളെ നിസ്സാരവല്‍ക്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ല. രാജ്യത്തിന്റെ മതന്യൂനപക്ഷങ്ങളിലും ദളിത് ജനവിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വ ബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുന്നുവെന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.