Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി ജെയ്ക് സി തോമസ്

എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി ജെയ്ക് സി തോമസ്

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎൻ വാസവനൊപ്പം എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇടതു ക്യാമ്പ്. പരമാവധി ആളുകളെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ജെയ്ക് സി തോമസ്.

എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എൻ വാസവന് ഒപ്പമായിരുന്നു സന്ദർശനം.

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനാണ് എൽഡിഎഫിന്റെ ശ്രമം. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.
പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.

ഇന്നും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവിൽ വോട്ടർമാരെ നേരിൽ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാൾ കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മണ്ഡലത്തിലെത്തും.

അതിനിടെ പുതുപ്പള്ളിയിൽ വികസനം നടപ്പാക്കിയില്ലെന്ന എൽഡിഎഫ് നേതാക്കളുടെ ആരോപണത്തിനെതിരെ ചാണ്ടി ഉമ്മൻ രംഗത്ത് എത്തി. പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com