ബംഗളൂരു: ചാന്ദ്രയാൻ -3 ദൗത്യത്തിലെ നിർണായകഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിലുള്ള വേർപെടൽ വിജയകരം. ചന്ദ്രനെ വലം വെക്കുന്ന പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് 33 ദിവസത്തിനു ശേഷമാണ് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യൂൾ വേർപ്പെട്ടത്.
വരും ദിവസങ്ങളിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനെ വലംവെക്കുമ്പോൾ ലാൻഡിങ് മെഡ്യൂൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാനുള്ള ശ്രമത്തിലായിരിക്കും.
നിലവിൽ 153 കിലോമീറ്റർ അടുത്തും 163 കിലോമീറ്റർ അടുത്തുമുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനെ വലം വെക്കുന്നത്. ചന്ദ്രനെ വലംവെക്കുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിലുള്ള സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (SHAPE) എന്ന ഉപകരണം ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കും.
ലാൻഡർ മൊഡ്യൂളിന്‍റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ വൈകിട്ട് നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീ ബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. തുടർന്ന് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.