കോഴിക്കോട്: സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. കാൻസർ ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
ഫറോക്ക പേട്ട സ്വദേശിയായ ഗഫൂർ 2015-ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ‘ദ കോയ’ എന്ന അദ്ദേഹത്തിന്റെ പുതിയ നോവൽ ഇന്ന് വൈകിട്ട് കോഴിക്കോട് കേശവ മേനോൻ സ്മാരക ഹാളിൽ പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനാണ്.
നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് നോവലുകൾ. ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് ഗഫൂർ രചിച്ച മറ്റ് സിനിമകൾ.