മെൽബൺ : പൊതുപ്രവർത്തകർ മാതൃകയാക്കുകയും പഠിക്കുകയും ചെയ്യേണ്ട പാഠപുസ്തകമാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതമെന്ന് ബിഷപ്പ് മാർ ജോൺ പനന്തോട്ടം പ്രസ്താവിച്ചു. മെൽബൺ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിറിയൻ ഓർത്തഡോക്സ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കേണ്ട ലാളിത്വത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സംസാരിച്ചു.
ജാതിക്കും മതത്തിനും അതീതമായി വർണവർഗ വിത്യാസമില്ലാതെ ജനങ്ങളെ സ്നേഹിച്ച വ്യക്തിയായിരുന്നു. ഉമ്മൻചാണ്ടിയെന്ന് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് തന്റെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന് ആദ്യമായി കേരള സർക്കാരിന്റെ സാമ്പത്തിക സഹായം അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു എന്ന് സ്വാമി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
യോഗത്തിന് ഒഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ ബിജു സ്കറിയ സ്വാഗതം ആശംസിച്ചു. എന്റെ കേരളം മലയാളി കൂട്ടായ്മക്കുവേണ്ടി ജോസ് സെബാസ്റ്റ്യൻ, ജെസു, ലിബറൽ പാർട്ടി നേതാക്കളായ ജോർജ് വർഗീസ് മുൻ മെൽബൺ പാർലമെന്റ് സ്ഥാനാർഥി അരുൺ പാലയ്ക്കലോടി എന്നിവർ സംസാരിച്ചു. കെഎംസിസിയ്ക്കുവേണ്ടി സലിം വടക്കേക്കര മലയാളി അസോസിയേഷനുവേണ്ടി മദനൻ ചെല്ലപ്പൻ മുൻ പ്രസിഡന്റുമാരായ അശോക് മാത്യു, തമ്പി ചെമ്മനം, ഡാനിച്ചൻ ജോസഫ്, ഫിന്നി മാത്യു എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ മനോജ് ഗുരുവായൂർ ഉമ്മൻചാണ്ടിയ്ക്ക് ഗാനാഞ്ജലി അർപ്പിച്ചു. ഒഐസിസി നേതാക്കളായ മാർട്ടിൻ ഉറുമീസ്, ബിനു വി. ജോൺ, ലിന്റോ ദേവസി, വേണു നായർ എന്നിവർ സംസാരിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ജിജേഷ് പി. വി. യോഗത്തിൽ നന്ദി പറഞ്ഞു.