പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷണിഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഉച്ചകോടി നടക്കുന്നത്. നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി, മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോക ജനസംഖ്യയുടെ 42 ശതമാനവും ആഗോള ജിഡിപിയുടെ 27 ശതമാനവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണിവ.
വിവിധ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവിയിലെ പ്രവർത്തന മേഖലകൾ തിരിച്ചറിയാനും ഉച്ചകോടി അവസരം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ബ്രിക്‌സ് നേതൃത്വ ഉച്ചകോടിക്ക് ശേഷം സംഘടിപ്പിക്കുന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ദക്ഷിണാഫ്രിക്ക ക്ഷണിച്ച മറ്റ് രാജ്യങ്ങളും ഇതിൽ പങ്കാളികളാകും.
ജോഹന്നാസ്ബർഗിൽ എത്തുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഉഭയകക്ഷി ചർച്ചകളെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഒരു ബിസിനസ് പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഇവർ ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗൺസിൽ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ്, ബ്രിക്സ് ബിസിനസ് ഫോറം മീറ്റിംഗുകളിൽ എന്നിവയിലും പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഷി ജിൻപിംഗ് ഒരു വിദേശ സന്ദർശനത്തിന് എത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ല.