പാരീസ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന പെൺകുട്ടികൾ അബായ ധരിക്കുന്നത് നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. നീളമുള്ള, ഒഴുകി കിടക്കുന്ന, പർദ്ദയ്‌ക്ക് സമാനമായ വസ്ത്രമാണ് അബായ. ഇസ്ലാം മതവിശ്വാസികളായ യുവതികളും സ്ത്രീകളുമാണ് ഇത് ധരിക്കാറുള്ളത്. എന്നാൽ ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കുന്നത് ഫ്രാൻസിന്റെ മതേതര മൂല്യങ്ങളെ ഹനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥിനികൾ അബായ ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അട്ടാലിന്റെ നിർദ്ദേശം.
പുതിയ അദ്ധ്യയന വർഷം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് അബായ ധരിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ”നിങ്ങൾ ഒരു ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ ഒറ്റനോട്ടത്തിൽ വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ കഴിയരുത്. അതിനായി സ്‌കൂളുകളിൽ ഇനി അബായ ധരിക്കാൻ അനുവദിക്കരുതെന്ന് ഞാൻ തീരുമാനിച്ചു,” ഫ്രഞ്ച് മന്ത്രി പറഞ്ഞു.
പള്ളികളെയും ഭരണകൂടത്തെയും കൃത്യമായി വേർതിരിച്ചുകൊണ്ടാണ് ഫ്രഞ്ച് റിപ്പബ്ലിക് തയ്യാറാക്കിയിട്ടുള്ളത്. എല്ലാവരുടെയും സ്വകാര്യവിശ്വാസങ്ങൾക്ക് തുല്യത ഉറപ്പുവരുത്തുന്നതാണത്. എന്നാൽ കഴിഞ്ഞ 20 വർഷമായി ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. യൂണിഫോം ഇല്ലാത്ത, വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാവുന്ന സ്‌കൂളുകളിൽ മതേതരത്വ മൂല്യങ്ങളുടെ പേരിൽ ചില വിവാദങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അബായ മതപരമായ വസ്ത്രമല്ലെന്നും ഒരു തരം ഫാഷനാണെന്നും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്‌ത്ത് വൈസ് ചെയർമാനായ അബ്ദുല്ല സെക്രി പ്രതികരിച്ചു.
സ്‌കൂളുകളിൽ മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2004-ൽ നിയമം പ്രാബല്യത്തിൽ വരുത്തിയ രാജ്യമാണ് ഫ്രാൻസ്. ഇതുപ്രകാരം ഇസ്ലാമിക ശിരോവസ്ത്രം, ജ്യൂയിഷ് കിപ്പാസ്, സിഖ് തലപ്പാവ്, കുരിശുകൾ എന്നിവ ധരിച്ച് വിദ്യാലയങ്ങളിൽ എത്താൻ പാടുള്ളതല്ല.