ടൊറോന്റോ: സ്‌കാര്‍ബറോ സെന്റ് തോമസ് ഫൊറോനാ ഇടവകയുടെ നേതൃത്വത്തില്‍ ആരംഭിച്ച സിറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് ആവേശോജ്വലമായ പര്യവസാനം. വിശുദ്ധ കുര്‍ബാനക്ക് ശേഷം സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് കുടുംബ സംഗമ വേദിയായി മാറി. ഇടവക വികാരി ബൈജു ചക്കേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മിസ്സിസാഗാ രൂപത വികാരി ജനറാള്‍ ഫാ. പത്രോസ് ചമ്പക്കര വിശിഷ്ടാതിഥി ആയിരുന്നു.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുമുള്ളു. ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗതിയും വേഗതയും നിയന്ത്രിക്കുന്നത് വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളിലൂടെ ആണ്. കുറച്ചു പഠിക്കുക കൂടുതല്‍ കളിക്കുക അത് വഴി കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനും നവലോകത്തിന്റെ മാസ്മരികതയിലേക്കു വഴുതി വീഴാതെ ദൈവഭക്തിയും പ്രാര്‍ഥനയും അടിസ്ഥാനമാക്കി ദൈവത്തോട് ചേര്‍ന്നു നിന്നുകൊണ്ട് സ്വയം വളരാനും വരുംകാലങ്ങളില്‍ രാജ്യത്തിനും സമൂഹത്തിനും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് സിറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിതമായിരിക്കുന്നത്.
നാളെകളുടെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനവും കാല്‍പന്തുകളിയുടെ പച്ചപ്പുല്‍ മൈതാനങ്ങളില്‍ നിറഞ്ഞാടുവാന്‍ ഒരു പറ്റം താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഫുട്ബോള്‍ പരിശീലനവും സിറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ നടന്നു വരുന്നു. ഇതര ജനപ്രിയ കായിക വിനോദങ്ങളുടെ പരിശീലന കളരികള്‍ തുടങ്ങാനുള്ള ഒരുക്കങ്ങളും അക്കാദമിയുടെ അണിയറയില്‍ നടന്നുവരുന്നു.
തിരക്ക് പിടിച്ച ജീവിതയാത്രയില്‍ ജോലി തിരക്കുകള്‍ക്കിടയിലും കുഞ്ഞുങ്ങളുടെ സര്‍ഗ്ഗശേഷിയും കായിക ശേഷിയും വളര്‍ത്താന്‍ മാതാപിതാക്കള്‍ കാണിക്കുന്ന അത്യുത്സാഹവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതാണെന്നു അഭിപ്രായമുയര്‍ന്നു.
ചാള്‍സ് സെബാസ്റ്റ്യന്‍ സ്വാഗതവും പരിപാടികളുടെ കോര്‍ഡിനേഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന സിസ്റ്റര്‍ ജെസ്സ കൂട്ടിയാനിക്കല്‍ എ ഒയും മുഖ്യ പരിശീലകര്‍ ആയിരുന്ന സുനില്‍ സെബാസ്റ്റ്യനും റ്റോജോ തോമസും ആശംസാ പ്രസംഗങ്ങളും നടത്തി. പ്രിന്‍സണ്‍ സെബാസ്റ്റ്യന്‍ കൃതജ്ഞത അര്‍പ്പിച്ചു.
വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംഘാടകര്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.