ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ചയായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി അറിയിച്ചു.
ജൂണിൽ നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ കൈകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ പുരോഗതി ഇരുവരും വിലയിരുത്തി. തന്ത്രപരമായ സഹകരണം ഇരു രാജ്യങ്ങളും തമ്മിൽ തുടരാനും തീരുമാനമുണ്ട്.
പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും ആഗോള തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് പോകും. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ നരേന്ദ്രമോദിയെയും ISRO ശാസ്ത്രജ്ഞരെയും ബൈഡൻ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നാസയുടെ പൂർണ സഹകരണം ഉണ്ടാകുമെന്നും 6 ജി വികസനത്തിലും ഇന്ത്യ – അമേരിക്ക സഹകരണം സാധ്യമാക്കുമെന്നും ബൈഡൻ പറഞ്ഞു.
കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ചർച്ചയ്ക്കു ശേഷം ബൈഡനായി അത്താഴവിരുന്നും ഒരുക്കിയിരുന്നു. ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലായിരിക്കും ബൈഡൻ താമസിക്കുക. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും ഡൽഹിയിലെത്തിയിട്ടുണ്ട്. സെപ്റ്റംബർ 9, 10 ദിവസങ്ങളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ പ്രമുഖ രാജ്യമാണ് അമേരിക്ക. ഐടിസി മൗര്യ ഹോട്ടലിനും സമീപത്തുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ, ഡൊണാൾഡ് ട്രംപ് അടക്കമുള്ള അമേരിക്കൻ പ്രസിഡന്റുമാർ താമസിച്ചിട്ടുള്ള ഹോട്ടലാണ് ഐടിസി മൌര്യ. 411 മുറികളും 26 സ്യൂട്ടുകളുമാണ് ഹോട്ടലിലുള്ളത്.