ഫിലാഡല്‍ഫിയ: സെപ്റ്റംബര്‍ 14 വ്യാഴാഴ്ച മുതല്‍ 17 ഞായറാഴ്ച വരെ ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ ആത്മീയ പ്രഭാഷകന്‍ ഫാ. ഡേവിസ് ചിറമേല്‍ മുഖ്യവചന സന്ദേശം നല്‍കും.
സ്വന്തം കിഡ്‌നി ദാനം നല്‍കി മറ്റൊരാളിന്റെ ജീവന്‍ രക്ഷിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശമായി മാറിയ പുരോഹിത ശ്രേഷ്ഠനാണ് ഫാ. ഡേവിസ് ചിറമേല്‍. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആക്‌സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് എന്നീ സംഘടനകളുടെ സ്ഥാപകനുമാണ്.
ദൈവ വചനത്തെ അര്‍ഥ സമ്പുഷ്ടമായ ശൈലിയിലൂടെയും നര്‍മ്മത്തില്‍ ചാലിച്ച ഭാഷയിലൂടെയും പകര്‍ന്നു നല്‍കുവാന്‍ കത്തോലിക്ക സഭയുടെ സീറോ മലബാര്‍ തൃശൂര്‍ ആര്‍ച്ച് ഡയോസിസിലെ വൈദികന്‍ കൂടിയായ ഫാ. ഡേവിസ് ചിറമേലിന്റെ അസാധാരണമായ വൈഭവം പ്രത്യേകം ശ്രദ്ധേയമാണ്.
കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 8.30 വരെയും തുടര്‍ന്ന് സെപ്റ്റംബര്‍ 17 ഞായറാഴ്ച ഇടവകയുടെ 37-ാമത് ഇടവകദിനാഘോഷവും കണ്‍വെന്‍ഷന്റെ സമാപന സമ്മേളനവും രാവിലെ 9.30ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോടുകൂടി ആരംഭിക്കും. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം മുഖ്യസന്ദേശം നല്‍കും.
ഫിലാഡല്‍ഫിയായിലെ എല്ലാ വിശ്വാസ സമൂഹത്തെയും കണ്‍വെന്‍ഷനിലേക്ക് ബഥേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പേരില്‍ ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ജാക്‌സണ്‍ പി സാമുവേല്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി ബിനു സണ്ണി, ട്രസ്റ്റി മാത്യു ജോര്‍ജ്, അക്കൗണ്ടന്‍ര് ജോണ്‍സന്‍ മാത്യു എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ജാക്‌സണ്‍ പി സാമുവേല്‍ 215 480 3752/ 215 725 9774