സ്റ്റാഫോര്‍ഡ്, ടെക്‌സസ് – മലയാളിയുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ പ്രതിയെ കണ്ടെത്താന്‍ സ്റ്റാഫോര്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചു. മെക്‌സിക്കോയില്‍ നിന്ന് ടെക്‌സസിലേക്ക് അനധികൃതമായി കുടിയേറിയജോസ് അന്റോണിയോ പിന ടെനോറിയോ എന്ന 20 കാരനെയാണ് പോലീസ് തിരയുന്നത്.
മര്‍ഫി റോഡിലെ 13100 ബ്ലോക്കില്‍ ഞായറാഴ്ച രാവിലെ 6:17 നായിരുന്നു അപകടം. തിരുവല്ല സ്വദേശി ജോര്‍ജ് ഏബ്രഹാമിന്റെയും ശോശാമ്മ ജോര്‍ജിന്റെയും മകന്‍ സിസില്‍ ജോര്‍ജ് (43) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന സിസിലിന്റെ സഹോദരന്‍ സിറിളിന് പരുക്കേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമല്ല. അതിവേഗതയില്‍ വന്ന മറ്റൊരു കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിരുന്ന സിസിലിന്റെ കാറിന്റെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. സിസില്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. അപകടം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജോസ് അന്റോണിയോ പിന ടെനോറിയോ (20) ആണ് അപകടമുണ്ടാക്കിയ വെളുത്ത എസ് യു വി കാറിന്റെ ഡ്രൈവറെന്നും ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന ടെനോറിയോയെ കണ്ടെത്താന്‍ അധികൃതര്‍ ഇപ്പോള്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി ടെക്‌സസിലേക്ക് കുടിയേറിയ ആളാണ് പ്രതിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിട്ടുണ്ട്.
സഹോദരങ്ങളായ സിസിലും സിറിളും പ്രദേശത്തെ ഒരു വാട്ട്ബര്‍ഗര്‍ റെസ്റ്റോറന്റില്‍ നിന്ന് പ്രഭാതഭക്ഷണവും വാങ്ങി തിരികെ സ്റ്റാഫോര്‍ഡിലെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ മര്‍ഫി റോഡിന്റെയും ഗ്രീന്‍ബ്രിയാര്‍ ഡ്രൈവിന്റെയും കവലയിലെ ചുവന്ന ട്രാഫിക് ലൈറ്റില്‍ നിര്‍ത്തിയതായിരുന്നു. രണ്ടാമത്തെ വാഹനം മര്‍ഫി റോഡില്‍ തെക്കോട്ട് അതിവേഗതയില്‍ വന്ന് സഹോദരങ്ങളുടെ കാറിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു.
സ്റ്റാഫോര്‍ഡിലെ സെസില്‍ ജോര്‍ജാണ് സഹോദരനൊപ്പം വാഹനം ഓടിച്ചിരുന്നത്. സിസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംശയിക്കുന്നയാളെക്കുറിച്ചോ അപകടത്തെക്കുറിച്ചോ അറിയാവുന്നവര്‍ ഫോര്‍ട്ട് ബെന്‍ഡ് ക്രൈം സ്റ്റോപ്പേഴ്‌സിനെ 281-342-8477 എന്ന നമ്പറില്‍ വിളിക്കണം. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനോ കുറ്റം ചുമത്തുന്നതിനോ നയിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ക്ക് 5,000 ഡോളര്‍ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.
ഏബ്രഹാം ആന്റ് കമ്പനി എന്ന പേരില്‍ ടെക്സാസില്‍ വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ് സിസിലിന്റെ പിതാവ് ഏബ്രഹാം.
ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിനിടയില്‍ ചിരപരിചിതനായ ഏബ്രഹാംകുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. സീസിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സെപ്തംബര്‍ 15 വെള്ളിയാഴ്ച രാവിലെ സ്റ്റാഫോര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ നടക്കും. വ്യൂവിംഗ് രാവിലെ 9 മുതല്‍ 10. 15 വരെ. സംസ്‌കാരം: 10.15 മുതല്‍ 11.30 വരെ.